2012, ഏപ്രിൽ 18, ബുധനാഴ്‌ച

ഓര്‍മ്മ ...


എല്ലാം മറന്നു പോയി
മലയാള പുസ്തകത്തിലെ
മയില്‍‌പ്പീലി വച്ച പേജ്
ക്ലാസ് ടീച്ചര്‍ക്കാദ്യം കൊടുക്കാന്‍
ചോക്കൊളിപ്പിച്ച ചുവര്
ചട്ട കീറിയ നോട്ടു ബുക്കില്‍
ആദ്യം കുറിച്ച വാക്ക്
ഉച്ചകഞ്ഞിയുടെ സ്വാദ്
കൂട്ട മണിയുടെ താളം
ഓര്‍മ്മയിലുള്ളത് നീ മാത്രമാണ്
മുഖമില്ലാത്തവള്‍
മൂവന്തി പോലത്തവള്‍
എന്തെല്ലാം മണങ്ങളായിരുന്നു നിനക്ക്
ശ്വാസത്തിന് ചെമ്പകമിട്ടുവച്ച
ജ്യോമെട്രി ബോക്സിന്റെ
ഉടുപ്പിന് ഇലഞ്ഞി പൂക്കളുടെ
ഉള്ളം കയ്യിനു
ചുരുട്ടി പിടിച്ച മഷിത്തണ്ടിലയുടെ 
വിയര്‍പ്പിന് കാരക്കയുടെ ...
ബോധന്തരങ്ങളില്‍ ലഹരിയോടൊപ്പം
കുടിച്ചിറക്കാനാവാത്ത
ഓര്‍മ്മയുടെ ചവര്‍പ്പാണ് താരെ ...
മഷി മുക്കിയ നീല ബോര്‍ഡില്‍
ശ്യാമള ടീച്ചറെഴുതിയ
കണക്കു പോലെ
എന്നെ അമ്പരപ്പിച്ച്
ഇനി നീ ചിരിക്കില്ല
ആളൊഴിഞ്ഞ സ്കൂള്‍ പറമ്പില്‍
അങ്ങേയറ്റത്തെ പൊട്ടകിണറില്‍
ഒളിച്ചിരിക്കാന്‍ വിളിക്കില്ല
ഇത്രയും മരച്ചുവടുകളുണ്ടായിട്ടും
നീ തിരഞ്ഞെടുത്തത്
കണ്ണീരു കൊണ്ട് നിറക്കാന്‍ പറ്റാത്ത
പന്ത് വീണ പൊട്ടക്കിണറ്
തിരിച്ചു പോകാന്‍ ആംബുലന്‍സ്
തെരുവിന്റെ മൗനജാഥ
നാളുകള്‍ക്കിപ്പുറത്തും
കൊഞ്ഞനം കുത്തുന്നു
നീ കടം തന്ന
അമ്പതു പൈസ
നിനക്കറിയുമോ
നിളയുടെ പഞ്ചാരമുറ്റത്ത്
ഒന്നിച്ചു കുഴിച്ച കളിക്കുഴികളില്‍
ആരും വീണിട്ടില്ലിന്നു   വരെ
നെഞ്ചത്ത് നീ നട്ട തെങ്ങ് നോക്കി
കാഴ്ച തെറ്റിയ ഞാനല്ലാതെ ....

2012, ഏപ്രിൽ 14, ശനിയാഴ്‌ച

പ്രണയ സമരങ്ങള്‍ ....





എന്റെതെന്നോ നിന്റെതെന്നോ


വേര്‍ത്തിരിക്കാനാവാത്ത ഒരു താപനില കൊണ്ട്


ഒന്ന് ചേര്‍ക്കപെട്ട രണ്ടു മഹാനഗരങ്ങള്‍ പോലെ,


സിരകളില്‍ നിറയുന്ന കൊടികളാല്‍


അസ്വസ്ഥമായ പകല്‍ തെരുവ് പോലെ,


ഒറ്റവാക്കില്‍ നിന്ന്‍ ഒരു മുദ്രാവാക്യമെന്ന പോലെ ,


ജല പീരങ്കികളുടെ സങ്കീര്‍ത്തനം പോലെ ,


നിന്റെ പ്രണയത്തിന്റെ ഒറ്റക്കമ്പില്‍ കെട്ടിയ


എന്റെ ജീവിതാടയാളങ്ങള്‍..


ഒരു പ്രണയ ദുരന്തം കൊണ്ടെങ്കിലും


അഭയാര്ത്തിയാക്കപ്പെടുന്നത്


അത്ര അസാധ്യമല്ലാത്തതുകൊണ്ടാണ്,


ജീവിതത്തിന്റെ സുതാര്യതയില്‍


പരസ്പരം വെറുക്കപ്പെടരുതെന്നു


അത്രമേല്‍ സ്നേഹിച്ചത് കൊണ്ടാണ്,


വിപരീതങ്ങളെ മാത്രം പ്രതിഫലിപ്പിക്കുന്ന


ഒരു ജാലകം നിന്നിലേക്ക്‌ തുറന്നു വച്ചത്


എങ്കിലും ജീവിതം


ചിലപ്പോഴൊക്കെ അന്തംവിടാറുണ്ട്


എങ്ങിനെയാണ് സ്നേഹത്തിന്റെ


എല്ലാ വൈവിധ്യങ്ങളും


കുരുത്തിയിലെക്ക് മീന്‍ കുഞ്ഞുങ്ങളെന്നപോലെ


നിന്നിലേക്ക്‌ കുത്തിയൊലിക്കുന്നതെന്ന്,


നീയോഴികെ മറ്റുള്ളതെല്ലാം


അസംബന്ധങ്ങളായി തീരുന്നതെന്ന് ,


നിന്റെ നിഷ്കളങ്കതയിലേക്ക്


പ്രവാസപ്പെട്ട് എന്റെ അഴുക്കു ചാലുകള്‍


പവിത്രമാക്കപ്പെടുന്നതെങ്ങിനെയാണെന്ന് ,


ഇനി സുതാര്യമായ ഒന്നാം നിരയിലൂടെ


ഉന്നം തെറ്റാതെ വരുന്ന


ഒരു വെടിയുണ്ട പറയും


രക്തസാക്ഷിയുടെ നിര്‍വ്വചനങ്ങള്


കോടാനുകോടി തന്മാത്രകളാല്‍


ഒരു ഫ്ലാഷ് ഡ്രൈവിലേക്ക് പരുവപ്പെട്ട്


നിന്റെ ടെസ്ക്ടോപ്പിലേക്ക്


ഒരു പലായനം,


ചുവന്ന റോസാപ്പൂവ് കെട്ടിയ


ഒരു ഗ്രീറ്റിംഗ് കാര്‍ഡ്


കടമ തീര്‍ന്നു ....

2012, ഏപ്രിൽ 7, ശനിയാഴ്‌ച

സെയ്റാ...



പല പല ജീവിതങ്ങള്‍ ,ദേശാടനങ്ങള്‍
സമവാക്യങ്ങള്‍ ,ധ്രുവീകരണങ്ങള്‍
ഓര്‍മ്മകള്‍ ,നെടുവീര്‍പ്പുകള്‍...
ഇട മുറിയാത്ത ലഹരി പോലെ
മഴ പെയ്യുകയ്യാണ് സെയ്റാ...
നീയെന്നിലേക്ക്‌ മിഴി തുറക്കുക
അതിന്റെ അഗാതതയില്‍ മാത്രം
നോക്കിയിരുന്ന്‍ ഒറ്റയിരിപ്പിന്റെ
ലോക ചരിത്രങ്ങളെ
എനിക്ക് ഭേദിക്കണം
സെയ്റാ...
ഞാനിപ്പോള്‍ കടല് കാണുന്നു
മുന്നിലെ ചില്ല് ഗ്ലാസ്സില്‍
പകര്‍ന്നുവച്ച വോഡ്ക പോലെ
ഹൃദയം സുതാര്യമാകുന്നു
സെയ്റാ ഒരു രാജ്യമാകുമ്പോള്‍ ...
നിന്റെ ഉടല്‍ പോലെ പരിചിതമാണ്
എനിക്കതിന്റെ തെരുവുകള്‍
നിന്നെ തന്നെ നോക്കിയിരിക്കുമ്പോള്‍
പരാന നദിക്കരയിലെ നിന്റെ വീടും
കാല്‍പ്പന്തു കളിക്കുന്ന
അനുജന്മാരെയും എനിക്ക് കാണാം ...
ഇനിയുമവശേഷിക്കുന്ന എന്റെ രക്തസഞ്ചാരം
നിനക്ക് തരട്ടെ ...?
ഇത്രയും ഭ്രാന്തമായി സ്നേഹിക്കരുതെന്ന്
ഒരു പെണ്ണും പറയില്ല നീയൊഴികെ..

ഈ പുരാതന അച്ചുതണ്ടില്‍
എനിക്ക് ശ്വാസം മുട്ടുന്നു
സെയ്റാ...
വന്യമായ ഒരു ചുംബനം കൊണ്ട്
നിന്റെ ചുണ്ടുകളില്‍ എന്നെ മരിപ്പിക്കുക
ഞാനിപ്പോള്‍ നിലാവ് കാണുന്നു
മൌനത്തിന്റെ ആറാമത്തെ
രാത്രിയില്‍ നമ്മള്‍ പകുത്ത അതേ നിലാവ് ....

2012, മാർച്ച് 11, ഞായറാഴ്‌ച

ജീവിച്ചിരിക്കുന്നതിന്റെ ആത്മഹത്യാക്കുറിപ്പ്‌....

പലരും ചോദിക്കുന്നു

'അവളെ മറന്നു പോയോ' എന്ന്...


അപ്പോള്‍


പ്രണയവും വിരഹവും


കണ്ണുനീരും വളപ്പൊട്ടുകളും


ഒഴുകിപോയ പുഴയെക്കൊതിപ്പിച്ച്


ഓര്‍മ്മയിലേക്ക് തിരിച്ചോഴുക്കുന്നു...


അവിചാരിത കടല്‍ത്തീരങ്ങളില്‍


ഇന്നലയെ പുനര്‍ജനിപ്പിച്ച്


ചില നിമിഷങ്ങള്‍


ആര്ത്തിരമ്പുന്നു


അവളെക്കുറിച്ച്.....

മൌനത്തിന്റെ ഭാഷ ഇപ്പോഴും


സംഗീതത്തിന്റെ മഹാസാധ്യതകളെ


നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നു ....


"എന്നെ മറന്നു പോയോ"എന്ന്


അവളൊരിക്കലും ചോദിക്കില്ലെന്ന്


എനിക്കറിയാം


എന്നാലും നിശബ്ദമായെങ്കിലും


പറയാതിരിക്കുന്നതെങ്ങിനെയാണ്


ഹൃദയത്തിന്റെ ഏതോ അറയില്‍


അവളിപ്പോഴും കെടാതിരിക്കുന്നതുകൊണ്ടാണ്


ഞാനിപ്പോഴും ജീവിച്ചിരിക്കുന്നതെന്ന്....

2011, ജൂലൈ 7, വ്യാഴാഴ്‌ച

നോറാ......

ആകാശം ഉഷ്ണമേഘങ്ങളാല്

വലയം ചെയ്യപ്പെട്ട ഒരു നട്ടുച്ചക്ക്
എന്റെ മോണിറ്ററിന്റെ സ്ഫടിക ജാലകം ഭേദിച്ച്
നോറാ...... നീ വരുന്നു
ഭൂമിയിലേക്കേറ്റവും നിഷ്കളങ്കമായ കണ്ണുകള് കൊണ്ടു പറയുന്നു
കുറുമ്പു കാണിക്കാന് നേരമായെന്ന്..
ഏതജ്ഞാതമായ മല നിരകളില് നിന്ന്
നിന്റെ ചിരി ഉറവ പൊട്ടുന്നു...
ആ പുഴയിലാണിപ്പോള് ഒഴുകുന്നത്
കവിതയുടെ കടലാസു വഞ്ചികള്......
ചിലപ്പോള് ഒരു ചിത്രശലഭം
മറ്റുചിലപ്പോള് ഒരു മഴവില്ല്
അല്ലെങ്കിലൊരു മഴക്കാലം.... ഓര്മ്മയുടെ സൂര്യകാന്തികള്
എന്തൊക്കെയാണു നീയെന്ന്...
ഓര്ക്കുട്ടിന്റെ മഞ്ഞു തിരശ്ശീല നീങ്ങുമ്പോള്
ഞാന് അതിശയപ്പെടുന്നു....
നോക്കി നോക്കിയിരിക്കുമ്പോള്
കാഡ്ബറീസ് കിനാവുകള്ക്ക് വിശക്കുന്നുവെന്ന്
ചുണ്ടുകള് തിരക്കു കൂട്ടുന്നു...
പെയ്തിറങ്ങുന്ന താരാട്ടില് ചിറകടിച്ചു പറന്നു പോകുന്നു
കുറുമ്പിന്റെ വെള്ളരി പ്രാവുകള്....
പറയാതെ ഞാന് പോകുന്നു നോറാ....
ഉണരുമ്പോള് നീ പിണങ്ങരുത്
ഒന്നുമില്ല പകരം തരാന് നിന്റെ കിളി കൊഞ്ചലിന്
പൊട്ടിയ സ്ലേറ്റ്കഷ്ണത്തിലെ
തെറ്റിയ അക്ഷരങ്ങള് മായ്ച്ചു തളര്ന്ന
ഒരു മഷിതണ്ടിന്റെ വിലാപമല്ലാതെ..
......

പാഠം ഒന്ന്

എനിക്ക് ഞാന്‍ വിധിച്ച
തടവറയാണ് നീ
എഴുതി പഠിക്കുകയാണ്
സ്വപ്നങ്ങളെ
നരച്ച നിഴലുകള്‍ വീണ
മുച്ചുവരുകളില്‍
എണ്ണി പഠിക്കുകയാണ്
നിറങ്ങളെ
ഒറ്റ നിറമുള്ള
മഴവില്ല് പോലത്തെ
ജനലഴികളില്‍
വല്ലാതെ തണുപ്പുള്ള
രാത്രികളില്‍
എനിക്ക് മൂടിപ്പുതക്കാന്‍
നീ തന്ന
ഇരുട്ടിന്റെ ഒറ്റപ്പുതപ്പ്..
വിദൂരങ്ങളില്‍
എനിക്ക് നോക്കിയിരിക്കാന്‍
നീ തന്ന
അസ്തമയത്തിന്റെ ചുവപ്പ്
ഒരുപാടൊറ്റപ്പെടുന്ന
ചില സന്ധ്യകളില്‍
കനത്ത ബൂട്സിന്റെ
ശബ്ധത്തില്‍
എന്റെ വരാന്തയില്‍
നടന്നു പോവാറുണ്ട്
ചില ഓര്‍മ്മകള്‍
നിന്നെ കുറിച്ച്
കാത്തിരിപ്പിനൊടുവില്‍
എന്റെ പരോള്‍
തുടങ്ങുന്ന ദിവസം
നീ ആത്മഹത്യ
ചെയ്യുമായിരിക്കും
അങ്ങിനെതന്നെ ആവണമല്ലോ
പ്രണയത്തിന്റെ ക്ലീഷേ ...