ആകാശം ഉഷ്ണമേഘങ്ങളാല്
വലയം ചെയ്യപ്പെട്ട ഒരു നട്ടുച്ചക്ക്
എന്റെ മോണിറ്ററിന്റെ സ്ഫടിക ജാലകം ഭേദിച്ച്
നോറാ...... നീ വരുന്നു
ഭൂമിയിലേക്കേറ്റവും നിഷ്കളങ്കമായ കണ്ണുകള് കൊണ്ടു പറയുന്നു
കുറുമ്പു കാണിക്കാന് നേരമായെന്ന്..
ഏതജ്ഞാതമായ മല നിരകളില് നിന്ന്
നിന്റെ ചിരി ഉറവ പൊട്ടുന്നു...
ആ പുഴയിലാണിപ്പോള് ഒഴുകുന്നത്
കവിതയുടെ കടലാസു വഞ്ചികള്......
ചിലപ്പോള് ഒരു ചിത്രശലഭം
മറ്റുചിലപ്പോള് ഒരു മഴവില്ല്
അല്ലെങ്കിലൊരു മഴക്കാലം.... ഓര്മ്മയുടെ സൂര്യകാന്തികള്
എന്തൊക്കെയാണു നീയെന്ന്...
ഓര്ക്കുട്ടിന്റെ മഞ്ഞു തിരശ്ശീല നീങ്ങുമ്പോള്
ഞാന് അതിശയപ്പെടുന്നു....
നോക്കി നോക്കിയിരിക്കുമ്പോള്
കാഡ്ബറീസ് കിനാവുകള്ക്ക് വിശക്കുന്നുവെന്ന്
ചുണ്ടുകള് തിരക്കു കൂട്ടുന്നു...
പെയ്തിറങ്ങുന്ന താരാട്ടില് ചിറകടിച്ചു പറന്നു പോകുന്നു
കുറുമ്പിന്റെ വെള്ളരി പ്രാവുകള്....
പറയാതെ ഞാന് പോകുന്നു നോറാ....
ഉണരുമ്പോള് നീ പിണങ്ങരുത്
ഒന്നുമില്ല പകരം തരാന് നിന്റെ കിളി കൊഞ്ചലിന്
പൊട്ടിയ സ്ലേറ്റ്കഷ്ണത്തിലെ
തെറ്റിയ അക്ഷരങ്ങള് മായ്ച്ചു തളര്ന്ന
ഒരു മഷിതണ്ടിന്റെ വിലാപമല്ലാതെ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ