എന്റെതെന്നോ നിന്റെതെന്നോ
വേര്‍ത്തിരിക്കാനാവാത്ത ഒരു താപനില കൊണ്ട്
ഒന്ന് ചേര്‍ക്കപെട്ട രണ്ടു മഹാനഗരങ്ങള്‍ പോലെ,
സിരകളില്‍ നിറയുന്ന കൊടികളാല്‍
അസ്വസ്ഥമായ പകല്‍ തെരുവ് പോലെ,
ഒറ്റവാക്കില്‍ നിന്ന്‍ ഒരു മുദ്രാവാക്യമെന്ന പോലെ ,
ജല പീരങ്കികളുടെ സങ്കീര്‍ത്തനം പോലെ ,
നിന്റെ പ്രണയത്തിന്റെ ഒറ്റക്കമ്പില്‍ കെട്ടിയ
എന്റെ ജീവിതാടയാളങ്ങള്‍..
ഒരു പ്രണയ ദുരന്തം കൊണ്ടെങ്കിലും
അഭയാര്ത്തിയാക്കപ്പെടുന്നത്
അത്ര അസാധ്യമല്ലാത്തതുകൊണ്ടാണ്,
ജീവിതത്തിന്റെ സുതാര്യതയില്‍
പരസ്പരം വെറുക്കപ്പെടരുതെന്നു
അത്രമേല്‍ സ്നേഹിച്ചത് കൊണ്ടാണ്,
വിപരീതങ്ങളെ മാത്രം പ്രതിഫലിപ്പിക്കുന്ന
ഒരു ജാലകം നിന്നിലേക്ക് തുറന്നു വച്ചത്
എങ്കിലും ജീവിതം
ചിലപ്പോഴൊക്കെ അന്തംവിടാറുണ്ട്
എങ്ങിനെയാണ് സ്നേഹത്തിന്റെ
എല്ലാ വൈവിധ്യങ്ങളും
കുരുത്തിയിലെക്ക് മീന്‍ കുഞ്ഞുങ്ങളെന്നപോലെ
നിന്നിലേക്ക് കുത്തിയൊലിക്കുന്നതെന്ന്,
നീയോഴികെ മറ്റുള്ളതെല്ലാം
അസംബന്ധങ്ങളായി തീരുന്നതെന്ന് ,
നിന്റെ നിഷ്കളങ്കതയിലേക്ക്
പ്രവാസപ്പെട്ട് എന്റെ അഴുക്കു ചാലുകള്‍
പവിത്രമാക്കപ്പെടുന്നതെങ്ങിനെയാണെന്ന് ,
ഇനി സുതാര്യമായ ഒന്നാം നിരയിലൂടെ
ഉന്നം തെറ്റാതെ വരുന്ന
ഒരു വെടിയുണ്ട പറയും
രക്തസാക്ഷിയുടെ നിര്‍വ്വചനങ്ങള്
കോടാനുകോടി തന്മാത്രകളാല്‍
ഒരു ഫ്ലാഷ് ഡ്രൈവിലേക്ക് പരുവപ്പെട്ട്
നിന്റെ ടെസ്ക്ടോപ്പിലേക്ക്
ഒരു പലായനം,
ചുവന്ന റോസാപ്പൂവ് കെട്ടിയ
ഒരു ഗ്രീറ്റിംഗ് കാര്‍ഡ്
കടമ തീര്‍ന്നു ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ