2012 ഏപ്രിൽ 18, ബുധനാഴ്‌ച

ഓര്‍മ്മ ...


എല്ലാം മറന്നു പോയി
മലയാള പുസ്തകത്തിലെ
മയില്‍‌പ്പീലി വച്ച പേജ്
ക്ലാസ് ടീച്ചര്‍ക്കാദ്യം കൊടുക്കാന്‍
ചോക്കൊളിപ്പിച്ച ചുവര്
ചട്ട കീറിയ നോട്ടു ബുക്കില്‍
ആദ്യം കുറിച്ച വാക്ക്
ഉച്ചകഞ്ഞിയുടെ സ്വാദ്
കൂട്ട മണിയുടെ താളം
ഓര്‍മ്മയിലുള്ളത് നീ മാത്രമാണ്
മുഖമില്ലാത്തവള്‍
മൂവന്തി പോലത്തവള്‍
എന്തെല്ലാം മണങ്ങളായിരുന്നു നിനക്ക്
ശ്വാസത്തിന് ചെമ്പകമിട്ടുവച്ച
ജ്യോമെട്രി ബോക്സിന്റെ
ഉടുപ്പിന് ഇലഞ്ഞി പൂക്കളുടെ
ഉള്ളം കയ്യിനു
ചുരുട്ടി പിടിച്ച മഷിത്തണ്ടിലയുടെ 
വിയര്‍പ്പിന് കാരക്കയുടെ ...
ബോധന്തരങ്ങളില്‍ ലഹരിയോടൊപ്പം
കുടിച്ചിറക്കാനാവാത്ത
ഓര്‍മ്മയുടെ ചവര്‍പ്പാണ് താരെ ...
മഷി മുക്കിയ നീല ബോര്‍ഡില്‍
ശ്യാമള ടീച്ചറെഴുതിയ
കണക്കു പോലെ
എന്നെ അമ്പരപ്പിച്ച്
ഇനി നീ ചിരിക്കില്ല
ആളൊഴിഞ്ഞ സ്കൂള്‍ പറമ്പില്‍
അങ്ങേയറ്റത്തെ പൊട്ടകിണറില്‍
ഒളിച്ചിരിക്കാന്‍ വിളിക്കില്ല
ഇത്രയും മരച്ചുവടുകളുണ്ടായിട്ടും
നീ തിരഞ്ഞെടുത്തത്
കണ്ണീരു കൊണ്ട് നിറക്കാന്‍ പറ്റാത്ത
പന്ത് വീണ പൊട്ടക്കിണറ്
തിരിച്ചു പോകാന്‍ ആംബുലന്‍സ്
തെരുവിന്റെ മൗനജാഥ
നാളുകള്‍ക്കിപ്പുറത്തും
കൊഞ്ഞനം കുത്തുന്നു
നീ കടം തന്ന
അമ്പതു പൈസ
നിനക്കറിയുമോ
നിളയുടെ പഞ്ചാരമുറ്റത്ത്
ഒന്നിച്ചു കുഴിച്ച കളിക്കുഴികളില്‍
ആരും വീണിട്ടില്ലിന്നു   വരെ
നെഞ്ചത്ത് നീ നട്ട തെങ്ങ് നോക്കി
കാഴ്ച തെറ്റിയ ഞാനല്ലാതെ ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ